അകം നിറക്കേണ്ട ആദർശ ബോധം

Web Desk Admin

Golden Fifty Office, SSF KERALA

ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ ‘ഉണർവിന്റെ വിചാരങ്ങൾ’ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നടത്തിയ സംസാരം

ഉക്കാള മാർക്കറ്റ് സമ്പന്നമാണ്. വ്യാപാരങ്ങൾ കൊണ്ട് മുഖരിതമായ ആ മാർക്കറ്റ് ജാഹിലിയ്യാ കാലത്ത് തന്നെ ശ്രദ്ധേയമായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന ചരക്കുകൾ അവിടെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ഒട്ടകങ്ങൾ, കുതിരകൾ, വീട്ടുസാധനസാമഗ്രികൾ തുടങ്ങി ചെറുതും വലുതുമായ വ്യാപാരങ്ങൾ. നിബിഢമായ ആ മാർക്കറ്റിൽ ഒരാൾ വിളിച്ചുപറയുന്നു: “നിങ്ങൾ ഏകദൈവ വിശ്വാസത്തെ പ്രഖ്യാപിക്കൂ… നിങ്ങൾക്ക് ജയിക്കാം”. തിരുനബി (സ്വ) ആയിരുന്നു അത്. രാവിലെ മുതൽ വൈകുന്നേരം വരെ പറഞ്ഞു. വൈകീട്ട് വീട്ടിലെത്തിയപ്പോൾ തങ്ങളുടെ ശരീരം മകൾ ഫാത്വിമ (റ) കഴുകിക്കൊടുത്തു. ശത്രുക്കൾ തിരുമേനിയിൽ ചളി വാരിയെറിഞ്ഞിരുന്നു.

നബി (സ) പറയുന്നു: “ആരെങ്കിലും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് പ്രഖ്യാപിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചിരിക്കുന്നു.” ഈ പ്രഖ്യാപനം കേവലം വാക്കിലൊതുങ്ങുന്ന ഒന്നല്ല. പണ്ഡിതരുടെ വ്യാഖ്യാന പ്രകാരം; മനസ്സിൽ ഉറപ്പിച്ച് കർമത്തിൽ പ്രയോഗിച്ച് ഈ പ്രഖ്യാപനത്തെ ജീവിതത്തിൽ പകർത്തിയവൻ സ്വർഗം പുൽകും. മറ്റൊരു ഭാഷയിൽ ഇത് ഒരു ആശയമാണ്. ഇസ്ലാമിക സംഘടന എന്ന അർത്ഥത്തിൽ എസ് എസ് എഫ് ഉയർത്തിപിടിക്കുന്നത് ഈ ആശയത്തെയാണ്. എസ് എസ് എഫ് ഒരു ആശയമായി നമ്മിൽ രൂപപ്പെടുമ്പോഴാണ് നമ്മുടെ വ്യവഹാര മേഖലകളിലെല്ലാം ധാർമികതയും മൂല്യങ്ങളും കടന്നുവരുന്നത്. കേവലം ഒരു മൂന്ന് അക്ഷരമല്ല എസ് എസ് എഫ്.
തിരുനബിയോട് ഒരാൾ ചോദിക്കുന്നുണ്ട്: “എന്താണ് നബിയെ ഈമാൻ?”.
നന്മകൾ ഉത്കൃഷ്ടമായി തോന്നുകയും തിന്മകൾ നികൃഷ്ടമായി തോന്നുകയും ചെയ്യും വിധത്തിലുള്ള ഒരു സംസ്‌കാരത്തിൻ്റെയും ആദർശത്തിൻ്റെയും ഭാഗമാകുമ്പോൾ നീ വിശ്വാസിയാകുമെന്ന ആശയമാണ് അതെന്നാണ് അവിടുന്ന് പ്രതിവചിച്ചത്. ആദർശത്ത നെഞ്ചേറ്റുമ്പോഴാണ് നാം യഥാർത്ഥ പ്രവർത്തകനാകുന്നത്. ഒരാൾ ആശയത്തെ സ്വീകരിച്ചാൽ അയാളുടെ ജീവിതം ഏത് സാഹചര്യത്തിലും ആ ആശയത്തിന് വേണ്ടിയാകും. മറ്റു പല കാര്യങ്ങൾ സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യം വെക്കുന്നവർ അവ പൂർത്തിയായാൽ സംഘടന വിട്ട് പിരിയും.

കഅ്ബാ മുറ്റത്ത് ശത്രുക്കൾ തിരുനബി (സ്വ)യെ അക്രമിക്കുമ്പോൾ അബൂബക്കർ സിദ്ധീഖ് (റ) ചോദിച്ചു: “ലോകത്തെ മഹത്തായ ഒരു ആശയം പറഞ്ഞതിനാണോ നിങ്ങൾ ഈ മനുഷ്യനെ ദ്രോഹിക്കുന്നത്?” റബ്ബ് ഏക ഇലാഹായ അല്ലാഹുവാണ് എന്ന ആശയത്തിന് വേണ്ടിയാണ് തിരുനബി (സ്വ) ജീവിതം നയിച്ചത്.

എസ് എസ് എഫിന് ഔദ്യോദിഗമായ ചില കാലക്രമങ്ങൾ ഉണ്ടാകും. പക്ഷെ ആശയത്തിന് അതില്ല. എസ് എസ് എഫ് ജ്വലിപ്പിച്ച സാമൂഹിക
ഇടപെടലിനും ആശയത്തിനും കർമ്മ ശേഷിയും പ്രായവുമില്ല.

ഹജ്ജത്തുൽ വദാഇൽ തരുനബി (സ്വ) പ്രഖ്യാപിച്ചു: സന്ദേശം പൂർത്തിയായിരിക്കുന്നു. നിങ്ങൾ ഇത് എല്ലാവർക്കുമെത്തിച്ച് കൊടുക്കണം. സ്വഹാബ അതേറ്റെടുത്തു. ആ ആശയത്തിന്റെ കീഴിലാണ് പിന്നീട് അവരുടെ വീടും നാടും കുടുംബവും. അതുകൊണ്ടാണ് ആ ആശയത്തോടൊപ്പം അവർ സഞ്ചരിച്ചത്. അബൂ അയ്യൂബിൽ അൻസ്വാരി (റ) ഇസ്താംബൂൾ വരെയും സഅദ് ബ്‌നു അബീ വഖാസ് (റ) യോങ്ഷോ വരെയും തമീമുൽ അൻസ്വാരി (റ) കോഴിക്കോട് വരെയും എത്തി. ഭൂഖണ്ഡങ്ങൾ താണ്ടി തിരുനബിയുടെ ആശയത്തെ ഉൾവഹിച്ചാണ് അവരെത്തിയത്. ആ ആശയത്തിന്റെ തുടർച്ചയാണ് നമ്മുടെ ഇസ്ലാമിക പ്രവർത്തനം. നമ്മുടെ സംഘടനാ പദ്ധതികളെല്ലാം തന്നെ ഇസ്ലാമിക ആശയത്തിന്റെ പ്രകാശനമാണ്. എ്‌സ് എസ് എഫ് പരിസ്ഥിതി ദിനത്തിൽ മരം നടുമ്പോൾ ഒരു സുന്നത്തിന്റെ പുനർവായന കൂടിയാണ് നടക്കുന്നത്. ഈ അവബോധമാണ് സംഘടനാ പ്രവർത്തകർക്കുണ്ടാകേണ്ടത്. സംഘടനാ സമ്മേളനങ്ങളും പ്രഖ്യാപനങ്ങളും അല്ലാഹുവിന്റെ ഔന്നിത്യത്തെ വിളിച്ചു പറയുന്ന ആത്മീയ സംഗമങ്ങളാണ്.

ഒരാളെ ആശയം സ്വാധീനിച്ചാൽ അതിന് വേണ്ടി അയാൾ എന്തും ത്യജിക്കും. ഋതുക്കൾ മാറിയാലും അയാൾ ആ ആശയത്തെ ഉൾവഹിക്കും. ആയുധങ്ങൾക്ക് ആദർശത്തെ തോൽപ്പിക്കാനാകില്ല.

ആശയത്തിന്റെ വാഹകരായി സംഘടനാ പ്രവർത്തനത്തിലേർപ്പെടണമെങ്കിൽ നമുക്ക് ചില ഗുണങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
അതിലൊന്നാണ് വിജ്ഞാനം. വിജ്ഞാനം കൈമുതലായുണ്ടായാലേ പ്രബോധനം നടക്കൂ. എല്ലാ കാലഘട്ടത്തിലെയും പ്രവാചകന്മാരാണ് ഏറ്റവും കൂടുതൽ അറിവുള്ളവരായുണ്ടാവുക. ആധികാരികമായി ജ്ഞാനം നേടണം. യന്ത്രങ്ങൾ തീർപ്പു കൽപ്പിക്കുന്ന കാലത്ത് അറിവുള്ള മനുഷ്യർക്ക് മാത്രമാണ് പ്രസക്തി. മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും വിധത്തിലുള്ള സദ്‌സ്വഭാവവും സംഘടനാ പ്രവർത്തകർക്കുണ്ടാകണം.

മഹിതയായ സ്വഫിയ്യ ബീവി (റ), സ്വന്തം സഹോദരൻ ഉഹ്ദിൽ ശഹീദായിട്ടുണ്ടെന്നും കരളും കുടലും പുറത്തെടുത്തിട്ടുണ്ടെന്നുമറിഞ്ഞു. തിരുനബി (സ്വ) ബീവിയുടെ മകൻ സുബൈർ (റ)വിനോട് ഹംസ (റ)വിന്റെ ശരീരം കാണിച്ചുകൊടുക്കേണ്ടതില്ലെന്ന് അറിയിച്ചു. അത് താങ്ങാനാവില്ലല്ലോ..?! ബീവി പടർക്കളത്തിലേക്ക് കഫൻ പുടവ കൊണ്ടുവന്നു. മകൻ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം തിരു നബി (സ്വ) പറഞ്ഞപ്പോൾ അവിടെ നിന്നു. അവിടുന്ന് പറയുകയുണ്ടായി: മകനേ, അല്ലാഹുവിന്റെ മാർഗത്തിലല്ലേ ഇതെല്ലാം. ആശയത്തിന് വേണ്ടി നിലകൊണ്ട സ്വഫിയ്യാ ബീവിയെ ഹംസ (റ)വിന്റെ ശരീരത്തിനടുത്തേക്ക് പോകാൻ മുത്ത് നബി (സ്വ) അനുമതി നൽകിയതാണ് ചരിത്രത്തിന്റെ ബാക്കിപാഠം. ബീവിക്ക് പ്രതിവചിക്കാൻ ഊർജ്ജം നൽകിയത് ആശയമായിരുന്നു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *