അക്ഷരങ്ങൾ പ്രവർത്തകന്റെ കൂട്ടാവണം

Web Desk Admin

Golden Fifty Office, SSF KERALA

ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ ‘അക്ഷരങ്ങളാവുക വിപ്ലവമാവുക’ എന്ന വിഷയത്തിൽ ടി എ അലി അക്ബർ നടത്തിയ സംസാരം

പഠിച്ചു കൊണ്ടിരിക്കെ തന്നെ പയറ്റി പരിശീലിക്കുന്നവരാണ് സംഘടന പ്രവർത്തകർ. പീപ്പിൾ മാനേജ്മെൻ്റ് എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തവരാണവർ. അതുകൊണ്ട് തന്നെ അവർ സംഘടന പ്രവർത്തനത്തിലൂടെ രൂപപ്പെടുത്തുന്നത് സ്വന്തത്തെ തന്നെയാണ്. സംഘടന ഒരു പ്രവർത്തകന് ജീവിതാന്ത്യം വരെയുള്ള ഒരു ഐഡൻ്റിറ്റിയാണ്. അവനെ നിർണ്ണയിക്കുന്നതും വികസിപ്പിക്കുന്നതും സംഘടനയാണ്. അഥവാ നമ്മൾ സംഘടനക്ക് വേണ്ടി ജീവിക്കുകയല്ല, മറിച്ച് സംഘടന നമ്മിൽ ജീവിക്കുകയാണ്. അതിനാൽ നമ്മെ മികവുറ്റതാക്കാൻ നല്ല പ്രവർത്തകനാക്കാൻ നല്ല ആശയങ്ങൾ വേണം. അവയുടെ ഉറവിടം അക്ഷരങ്ങളാണ്. നല്ല പ്രവർത്തകൻ നല്ല വായനക്കാരൻ ആയിരിക്കണം. അവയുടെ ഉപോൽപന്നങ്ങൾ സമൂഹത്തിനും സംഘടനക്കും ആവശ്യമാണെങ്കിൽ കൂടി, അവയത്രയും ഓരോരുത്തരുടെയും മുതൽക്കൂട്ടാണ്.

ആശയങ്ങളുടെ വ്യവഹാരം പരസ്പരം സാധ്യമാകുന്ന കലയാണ് പ്രസംഗം. സംഘടന പ്രവർത്തകൻ പലപ്പോഴും ഏറ്റെടുക്കാൻ നിർബന്ധിതനാവുന്ന ഒന്ന്. ആവർത്തന വിരസത ഒഴിവാക്കാൻ പുതുമയുള്ള ആശയങൾ തെളിമയോടെ അവതരിപ്പിക്കുക എന്നത് നമ്മൾ ചെയ്യുന്ന ഒരു ചെറുവ്യായാമമാണ്. ആയതിനാൽ തന്നെ ഒരു സംഘടന കാലയളവ് കഴിഞ്ഞ് രേഖകൾ കൈമാറുമ്പോഴും നമ്മൾ സ്വരൂപിച്ച ആശയങ്ങളത്രയും നമ്മിൽ തന്നെ അവശേഷിക്കുന്നുണ്ടാവും. അതിന് കൃത്യമായ വായനാ സംസ്കാരം വേണം. വായിച്ച പുസ്തകങ്ങളുടെ ഉദ്ധരണികൾ അറിഞ്ഞോ അറിയാതെയോ സംസാരത്തിൽ കടന്നു വന്നു കൊണ്ടിരിക്കണം. ഇതിനു സംഘടന പ്രവർത്തനം ഒരു സാംസ്കാരിക ആത്മീയ പ്രവർത്തനമായി ഏറ്റെടുക്കണം.

വായിക്കുക എന്നാൽ ഒരർത്ഥത്തിൽ ജീവിക്കുക എന്നു കൂടിയാണ്. ജീവനില്ലാതെ ആകുമ്പോഴാണ് ആഴമില്ലാത്ത വാക്കും വരിയും ഉണ്ടാകുന്നത്. ഈ ജീവന് വേണ്ടി നമ്മൾ നമ്മുടെ കാല, ദേശ, ലോകങ്ങളെ അറിയണം. കഴിഞ്ഞകാല കഥകളും വർത്തമാനങ്ങളും മനസ്സിലാക്കണം. ഉമ്മാമക്കഥകളിൽ നമ്മൾ സാകൂതം കേട്ടിരുന്ന ചരിത്രങ്ങളെ നല്ല ഫിക്ഷനുകളിൽ നമുക്ക് നേരിൽ അനുഭവിക്കാം. വൈഞ്ജാനിക സാഹിത്യങ്ങളിൽ വടിവൊത്ത ഭാഷയിൽ കുറിച്ച് വച്ച സത്യങ്ങളെ ആസ്വദിക്കാൻ നമുക്ക് അവസരം തരുന്നവയാണ് കാല്പനിക സാഹിത്യങ്ങൾ. ഉദാഹരണത്തിന്, വെളിക്കിരിക്കുക എന്ന പ്രയോഗത്തിൻ്റെ പ്രയോഗരൂപം നമുക്ക് ഇന്ന് അചിന്തനീയമാണ്. അതിൻ്റെ ഭംഗിയുള്ള ആവിഷ്കാരം സുഭാഷ് ചന്ദ്രൻ്റെ “മനുഷ്യന് ഒരാമുഖ” ത്തിൽ കാണാം. അറിയുക എന്നത് പോലെ പ്രാധാന്യമുണ്ട് അനുഭവത്തിനും. പ്രാഗ് കാലങ്ങളെ അനുഭവിക്കാൻ ആവില്ല. പക്ഷേ, അറിയാൻ അവസരങ്ങൾ ഏറെയുണ്ട്.
വായിക്കാനൊരുമ്പെടുമ്പോൾ നമുക്ക് മുമ്പിൽ കണ്ണിറുക്കി കാട്ടുന്നത് രണ്ട് പേരാണ്. സമയക്കുറവും, മനസ്സിലാവായ്മയും. സമയ ക്രമീകരണം ഒരു പ്രവർത്തകൻ്റെ ജീവിതത്തിന്റെ ഭാഗമാണ്. മനസ്സിലാവുന്ന പുസ്തകങ്ങൾ വായിച്ചു തുടങ്ങുക. അതൊരു കൊച്ചു ബാലമാസിക ആണെങ്കിൽ പോലും. ഇങ്ങനെ നമുക്ക് രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ആശയ സ്വാംശീകരണം സാധ്യമാകുന്നു.

ഒരു കാലത്ത് സാമുദായിക സംഘടനകൾ നിർവഹിച്ചിരുന്ന ക്ഷേമ പ്രവർത്തനങ്ങൾ നമ്മൾ പോലും അറിയാതെ രാഷ്ട്രീയ പാർട്ടികളോ അവരുടെ കീഴ്ഘടകങ്ങളോ ഏറ്റെടുത്തിരുന്നു. രാഷ്ട്രീയക്കരുടേത് എന്നു മാത്രം തോന്നിക്കുന്ന ഇടങ്ങളിൽ നമ്മൾ ഇടപെടുക എന്നതാണ് അതിനൊരു മറുബദൽ. ഇതിന് നമ്മൾ ക്രിയാത്മകമായി ഇടപെടണം. അതിന് ആശയ വൈപുല്യം വേണം. നമുക്കുള്ളിൽ ചർച്ചകളും, സംവാദങ്ങളും നടക്കണം. വായിക്കുക, അറിയുക, പ്രവർത്തിക്കുക എന്നതാവണം നമ്മുടെ ജീവിത മന്ത്രം. ഈ വായനാനുഭവങ്ങൾക്ക് രണ്ട് രൂപത്തിൽ ഫലങ്ങൾ സൃഷ്ടിക്കും. ആസ്വദാനവും, അസ്വസ്ഥതയും. ആസ്വദിച്ചു മാത്രം അവസാനിപ്പിക്കാത്ത അസ്വസ്ഥമാക്കുന്ന വായനാനുഭുവങ്ങളിൽ ചില സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ രൂപപ്പെടും. കക്ഷി രാഷ്ട്രീയത്തിനപ്പുറത്തെ രാഷ്ട്രീയസേവനമാണിതിൽ സാധ്യമാവുന്നത്.

വായന കഴിയുമ്പോൾ നമ്മിൽ ഉയർന്നു വരുന്ന ഒരു വികാരമുണ്ട്. ഇതെവിടെയെങ്കിലും ഒന്ന് പറയണം. ഈ വികാരത്തെ നമ്മൾ പോഷകം നൽകി വളർത്തണം. നല്ല പ്രഭാഷകർ നല്ല വായനക്കാരായിരിക്കും എന്ന വിചാരത്തിൽ നിന്നും നല്ല പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ഒരു നിരാശാ ബോധം നമ്മെ പിടികൂടണം. ഒരു സംഘടനാ വർഷം കഴിയും മുമ്പേ ഒരു ഹോം ലൈബ്രറി നമ്മൾ നിർമിച്ചെടുക്കണം. ഓരോ വർഷം കഴിയുമ്പോഴും ആ ലൈബ്രറി വിപുലീകരിക്കപ്പെടണം. പുസ്തകങ്ങളും രിസാലയും കയ്യിലേന്തി ഒരു മഹാ സാംസ്കാരിക വിപ്ലവം നമ്മൾ സാധ്യമാക്കണം. വായന നിലക്കുന്ന കാലം വരും മുമ്പേ അതൊരു ദൗത്യമായി ഏറ്റെടുത്ത് പൂർത്തീകരിക്കാൻ ശ്രമിക്കണം. നമ്മുടെ ആയുധം വായനയും പുസ്തകങ്ങളും ആയിരിക്കണം. ‘Think before speak, read before think’ എന്ന ആപ്തവാക്യം നമ്മെ അസ്വസ്ഥപ്പെടുത്തണം. താല്പര്യമുള്ള പുസ്തകങ്ങൾ വായിച്ചു തുടങ്ങി മതവും, രാഷ്ട്രീയവും, ചരിത്രവും, ശാസ്ത്രവും, കാല്പനിക സാഹിത്യവും എല്ലാം ഉൾകൊള്ളുന്ന വായന ഒരു പതിവായി മാറണം. നമ്മൾ വായിക്കുന്നു എന്നത് മറ്റു ചിലരിൽ വായന സംസ്കാരം ആരംഭിക്കാനുള്ള നിശബ്ദ കാരണമായേക്കാം. വാങ്ങുക, പ്രദർശിപ്പിക്കുക എന്നത് ഈ മേഖലയിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വലിയ സാംസ്കാരിക ആക്ടിവിസമാണ്. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ചെറു കുറിപ്പുകൾ വലിയ സാമൂഹ്യ വിസ്ഫോടനത്തിന് വഴിയൊരുക്കും. അറിവുകൾക്കായി നമ്മൾ ചെയ്യുന്ന സമരങ്ങളായിരിക്കും അവ. കൃത്യതയുള്ള സോഷ്യൽ മീഡിയ എത്തിക്സ് കൈമുതലാക്കി ചിട്ടയോത്ത സാംസ്കാരിക വിപ്ലവം സാധ്യമാക്കാൻ നമുക്കാവും. വായന എന്ന വസന്തം കാലം ദേശാതീതമായി നമ്മിൽ പൂത്തുലഞ്ഞു നിൽക്കണമെന്ന് മാത്രം.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *