ആശയം സംസാരിക്കുന്ന ഗോൾഡൻ ഫിഫ്റ്റി ഉപഹാരങ്ങൾ

Web Desk Admin

Golden Fifty Office, SSF KERALA

ഇന്ത്യൻ ഭരണഘടനയുടെ ആരംഭമായ ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന തീമിലാണ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം കണ്ണൂരിൽ വെച്ച് നടക്കുന്നത്. വിഭജനങ്ങളുടെയും വർഗ്ഗീകരണങ്ങളുടെയും കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും മറു ശബ്ദം സൃഷ്ടിക്കുക എന്നത് തന്നെയാണ് സമ്മേളനം നിർവഹിക്കുന്ന വലിയ ദൗത്യങ്ങളിലൊന്ന്. കണ്ണൂർ സിറ്റിയിൽ സമൂലം വ്യാപിച്ചു കിടക്കുന്ന ഗോൾഡൻ ഫിഫ്റ്റി സമ്മേളന നഗരികളിൽ ഇൻസ്റ്റളേഷൻസായും എഴുത്തായും ചിത്രങ്ങളായും പ്രസ്തുത തീം ഉയർന്നു നിൽക്കുന്നത് കാണാം.

ഏറ്റവും ക്രിയാത്മകവും വ്യത്യസ്തവുമായ മാർഗങ്ങളിലൂടെയാണ് സമ്മേളനം അനുവാചകർക്ക് തീമിനെ പരിചയപ്പെടുത്തുന്നത്. വിശിഷ്ടാതിഥികൾക്ക് നൽകുന്ന ഉപഹാരത്തിന്റെ ആകൃതി പോലും തീമായി മാറുന്നത് അതുകൊണ്ടാണ്. ആശയവും ആദർശവുമായി യാതൊരു വിധ ബന്ധവുമില്ലാത്ത ചില്ലു കഷ്ണങ്ങൾക്ക് പകരമായി, ഗോൾഡൻ ഫിഫ്റ്റിയുടെ ലോഗോയുടെ കൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും കൂടെ ഉല്ലേഖനം ചെയ്ത ട്രോഫികളാണ് ഉപഹാരങ്ങളായി നൽകുന്നത്.

“നമ്മൾ ഇന്ത്യൻ ജനത, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പു വരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽ വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു,” എന്ന ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തമായ ആമുഖം ആവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യലാണ് പുതിയകാല രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മികച്ചത്. ആ ദൗത്യത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരമാണ് സമ്മേളന വേദികളിൽ നൽകപ്പെടുന്ന ഈ ഉപഹാരങ്ങൾ.

ശിബിലി മഞ്ചേരി

Similar Posts

Leave a Reply

Your email address will not be published. Required fields are marked *