കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ അനുസ്മരണം
Web Desk Admin
Golden Fifty Office, SSF KERALA
ഉസ്താദിന്റെ അഭാവം നികത്താനാവാത്ത വിടവ്; വി പി എം ഫൈസി വില്യാപ്പിള്ളി
കണ്ണൂർ: കാന്തപുരം എപി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം മുസ്ലിം സമൂഹത്തിന് നികത്താനാവാത്ത വിടവാണെന്ന് ഉസ്താദ് വി പി എം ഫൈസി വില്യാപ്പിള്ളി. സാധാരണക്കാർക്കും ഉസ്താദുമാർക്കും മുതഅല്ലിമുകൾക്കുമെല്ലാം ഉസ്താദ് മാതൃകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ പൊലീസ് മൈതാനത്ത് വെച്ച് നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിൽ ‘കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ, മത ജീവിതത്തിന്റെ തെളിമയുള്ള ആവിഷ്കാരം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു. സംഘടനയുടെ ആത്മീയ കരുത്തും നിറസാന്നിധ്യവും ആവേശവുമായിരുന്ന ചെറിയ എ പി ഉസ്താദിന്റെ ഓർമ്മകൾ സംഘടനക്കെന്നും ഊർജമായിരുന്നു. സംഘടനയിലൂടെ വളർന്നു വന്ന് ജീവിതകാലമത്രയും സംഘടനയെ ഹൃദയമിടിപ്പിനോടൊപ്പം നെഞ്ചിലേറ്റിയ ഉസ്താദ് പ്രവർത്തകർക്കെന്നും ആത്മീയതയിൽ പുത്തനുണർവ് പകർന്നു നൽകി. സയ്യിദ് അഹ്മദ് മുനീർ അഹ്ദൽ, എസ് ശറഫുദ്ധീൻ, പി കെ എം അബ്ദുറഹ്മാൻ സഖാഫി, എ പി അൻവർ സഖാഫി കരുവൻപൊയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.