ബാലസാഹിത്യം സീരിയസാണ് , പുസ്തകോത്സവത്തിൽ വലിയ ശേഖരം

Web Desk Admin

Golden Fifty Office, SSF KERALA

ശിബിലി മഞ്ചേരി

പുതിയകാല കുട്ടികളുടെ മനോഭാവവും അഭിരുചിയും വേറെത്തന്നെയാണ്. അമേരിക്കൻ മുതൽ റഷ്യൻ വരെയുള്ള കാർട്ടൂണുകളും കളിപ്പാട്ടങ്ങളുമാണ് കുട്ടികളുടെ കയ്യിൽ. വായിക്കാൻ പഠിക്കുന്നതിനു മുൻപ് തന്നെ ഫോൺ അൺലോക്ക് ചെയ്യാനും വഴി മാറാതെ അവർക്ക് ആവശ്യമായ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യാനും അവർ പ്രാപ്തരാകുന്നു. രക്ഷിതാക്കളുടെ സ്മാർട്ട് ഫോണുകളുടെ ആൽഗൊരിതം കുട്ടികളുടെ താല്പര്യങ്ങൾക്കനുസരിച്ച് തയ്യാറാക്കപ്പെടുന്നു.

ഇത്രയും രൂപാന്തരങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ഓഡിയൻസിനെയാണ് ‘ബാലസാഹിത്യം’ കൈകാര്യം ചെയ്യുന്നത്. പഴയതു മാതിരി ഇതൊരു കുട്ടിക്കളിയല്ല എന്നർത്ഥം. ജിങ്കിൾസ്, ടങ് ട്വിസ്റ്ററുകൾ തുടങ്ങിയ ചുരുക്കം ചില സാഹിത്യ രൂപങ്ങൾക്ക് ചെറിയ മനസ്സുകളെ എന്നും ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. അതിലുപരിയായി കാലം ആവശ്യപ്പെടുന്ന രൂപ, ഭാവ മാറ്റങ്ങൾ ബാലസാഹിത്യ ലോകം കൈകൊണ്ടു വരുന്നുണ്ട്. ആയതിനാൽ തന്നെ, ഒരു പുസ്തകമേളയിൽ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭാഗമായി ബാലസാഹിത്യം മാറിയിട്ടുണ്ട്. അതിലുപരി, ഏറ്റവും കൂടുതൽ ആകർഷണീയവും വിപുലവും ഈ വിഭാഗമാണെന്ന് പറഞ്ഞാൽ പോലും ശരികേടില്ല.

കണ്ണൂർ പോലീസ് മൈതാനിയിൽ നടന്നുകൊണ്ടിരിക്കുന്ന ‘പുസ്തക ലോകം’ ബാലസാഹിത്യത്തെ സമീപിച്ചത് വളരെ ഗൗരവത്തോടെ തന്നെയാണ്. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ കൃതികളോടൊപ്പം, ഐ.പി.ബിയുടെ തേൻതുള്ളി വിഭാഗത്തിന്റെ അൻപത് ബാലസാഹിത്യ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. Bloomsburry, Simon & Schuster, Scholastic, Orion Children’s Books, Usborne Publishing, Nosy Crow, Puffin, Orchard books, Honey drop IPB തുടങ്ങി ആഗോള ശ്രദ്ധ നേടിയ ഇംഗ്ലീഷ് ബാലസാഹിത്യ പ്രസാധകരുടെ ഡസൺ കണക്കിന് പുസ്തകങ്ങളെ കൊണ്ടും കണ്ണൂരിലെ പുസ്തകലോകം സമ്പന്നമാണ്.

20% മുതൽ 60% വരെ വിലക്കിഴിവിലാണ് ഇവിടെ പുസ്തകങ്ങൾ നൽകുന്നത്. പോരാത്തതിന്, ഐ.പി.ബിയുടെ 3450 രൂപ മുഖവില വരുന്ന 50 ബാലസാഹിത്യ പുസ്തകങ്ങൾ ₹1899 എന്ന ഓഫർ വിലക്കും നൽകുന്നു. കണ്ണൂർ പോലീസ് മൈതാനിയിൽ നൂറു കണക്കിന് രക്ഷിതാക്കൾ മക്കൾക്കു വേണ്ടി പുസ്തകങ്ങൾ വാങ്ങാനെത്തുന്നുണ്ട്. കുട്ടികളെയും കൊണ്ട് നേരിട്ട് വന്ന് ഒരു പുസ്തക ശേഖരം തന്നെ കൊണ്ട് പോകുന്നവരും കുറവല്ല. കാലത്തിനനുസരിച്ചുള്ള കുട്ടികളുടെ മാറ്റങ്ങൾ കൂടുതൽ ക്രിയാത്മകമാക്കാനും, ശരിയുടെയും ധാർമികതയുടെയും വഴിയിൽ നിന്നും അവർ മാറി സഞ്ചരിക്കാതിരിക്കാനും വേണ്ടി ഇത്തരം കരുതൽ പ്രവർത്തനങ്ങൾ നടത്തുന്ന വലിയൊരു വിഭാഗം രക്ഷിതാക്കൾ കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. കുട്ടികളിൽ മൂല്യമുള്ള വായനാ സംസ്കാരം നിലനിർത്താൻ ഇത്തരം ശ്രമങ്ങൾ സഹായിക്കുമെന്നതിൽ സംശയമില്ല.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *